ജെറുശലേമിലേക്കുള്ള ജൈത്രയാത്ര
1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു: 2 "നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക. 3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും."
4,5 "സീയോൻപുത്രിയോട്21:4 അതായത്, ജെറുശലേംനിവാസികളോട് പറയുക,
‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു,
അവിടന്ന് വിനയാന്വിതനായി കഴുതമേലേറി,
അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ "21:4 സെഖ. 9:9
എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
6 ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു. 7 അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു. 8 ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു. 9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം,
"ദാവീദുപുത്രന് ഹോശന്നാ!"21:9 രക്ഷിക്കണമേ എന്നർഥം; ഒരു സ്തോത്രഘോഷണമായും ഇത് ഉപയോഗിക്കുന്നു.
"കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!"21:9 സങ്കീ. 118:26
"സ്വർഗോന്നതങ്ങളിൽ ഹോശന്നാ!"
എന്ന് ആർത്തുവിളിച്ചു.
10 യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. "ആരാണ് ഇദ്ദേഹം?" ജനം ചോദിച്ചു.
11 കൂട്ടത്തിൽ ചിലർ, "ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്" എന്ന് ഉത്തരം പറഞ്ഞു.