യേശുവിന്റെ അധികാരം ചോദ്യംചെയ്യപ്പെടുന്നു
23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, "എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?" എന്നു ചോദിച്ചു.
24 അതിന് യേശു, "ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം. 25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ "
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: " ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും. 26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്."
27 അവർ ഒടുവിൽ യേശുവിനോട്, "ഞങ്ങൾക്ക് അറിഞ്ഞുകൂടാ" എന്ന് ഉത്തരം പറഞ്ഞു.
അപ്പോൾ യേശു, "എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല" എന്ന മറുപടിയും നൽകി.