ആകുലചിത്തരാകരുത്
25 "അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? 26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം6:27 മൂ.ഭാ. നീളത്തോട് ഒരടി കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
28 "വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ6:28 അതായത്, ഒരുതരം ലില്ലിച്ചെടി എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. 29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ! 31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്. 32 ദൈവത്തെ അറിയാത്തവരാണ്6:32 മൂ.ഭാ. യെഹൂദേതരരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം. 33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും. 34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.