മതിൽപണിക്കു നേരിട്ട എതിർപ്പുകൾ
1 ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു. 2 "ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?" എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു.
3 അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: "അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!"