ജനം മത്സരിക്കുന്നു
1 ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു; 2 സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: "ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! 3 ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?" 4 "നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം," അവർ പരസ്പരം പറഞ്ഞു.
5 അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു. 6 ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി 7 സർവ ഇസ്രായേൽസഭയോടും പറഞ്ഞു: "ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്. 8 യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും. 9 യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്."