അധികാരത്തോടുള്ള വിധേയത്വം
1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത്13:4 മൂ.ഭാ. അയാൾ വാൾപിടിച്ചിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.