സമ്പൂർണവിജയം
31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? 32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? 33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? 34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
36 "അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു:
അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,"8:36 സങ്കീ. 44:22
എന്ന് എഴുതിയിരിക്കുന്നല്ലോ. 37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. 38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ 39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.