2 മോവാബ്യയായ രൂത്ത് നവൊമിയോട്, "എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ" എന്നു ചോദിച്ചു.
നവൊമി അവളോട്, "എന്റെ മോളേ, പോയ്ക്കൊള്ളൂ" എന്നു പറഞ്ഞു. 3 അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.
10 ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: "ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?" എന്നു ചോദിച്ചു.
11 മറുപടിയായി, "നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. 12 നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ" എന്നു ബോവസ് പറഞ്ഞു.