ആട്ടിൻകൂട്ടത്തിന് മാതൃകകളായുള്ള നേതൃത്വം
1 നിങ്ങളുടെ ഇടയിലുള്ള മൂപ്പന്മാരോട് അവരിൽ ഒരുവനായ, ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന് സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: 2 അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും 3 നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്.