ശലോമോൻ ദൈവത്തിൽനിന്ന് അകലുന്നു
1 ശലോമോൻ രാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ചു. 2 "അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും" എന്നു യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽ മക്കളോട് അരുളിച്ചെയ്തുവോ, അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. 3 അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
4 ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.