ശലോമോന്റെ ഭാര്യമാർ
1 ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു. 2 "നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും," എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു. 3 അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു. 4 ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.