ഔദാര്യദാനം
1 സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി. 3 അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. 4 വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. 5 അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.