വിശ്വാസികൾക്കായുള്ള ധനശേഖരം
1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. 3 തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. 4 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. 5 ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.