2 ദാനീയേൽ വിവരിച്ചു പറഞ്ഞത്: "ഞാൻ രാത്രിയിൽ എന്റെ ദർശനത്തിൽ കണ്ടത് ഇപ്രകാരം ആയിരുന്നു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നത് ഞാൻ കണ്ടു. 3 അപ്പോൾ വ്യത്യസ്തങ്ങളായ നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറി വന്നു.
4 "ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്‍റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.
5 "രണ്ടാമത് കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാർശ്വം ഉയർത്തി, വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലുകൾ കടിച്ചുപിടിച്ചുകൊണ്ട് നിന്നു; അവർ അതിനോട്: ‘എഴുന്നേറ്റ് മാംസം ധാരാളം തിന്നുക’ എന്നു പറഞ്ഞു.
6 "പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്‍റെ മുതുകത്ത് പക്ഷിയുടെ നാലു ചിറകുകളുണ്ടായിരുന്നു; മൃഗത്തിന് നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.
7 "രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽ കൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്തു കൊമ്പുകൾ ഉണ്ടായിരുന്നു.