2 ദാനീയേൽ ഇപ്രകാരം വിവരിച്ചു: "ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നതു ഞാൻ രാത്രി ദർശനത്തിൽ കണ്ടു. 3 അപ്പോൾ വ്യത്യസ്തങ്ങളായ നാലു വലിയ മൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറിവന്നു.
4 "ഒന്നാമത്തേതു സിംഹത്തിനു തുല്യം, അതിന് കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, അതിന്റെ ചിറകുകൾ പറിച്ചുനീക്കപ്പെട്ടു; അതിനെ നിലത്തുനിന്നുയർത്തി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി; അതിന് ഒരു മനുഷ്യഹൃദയവും നൽകപ്പെട്ടു.
5 "രണ്ടാമതു കരടിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ ഒരു പാർശ്വം ഉയർന്നിരുന്നു; വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലുകൾ ഉണ്ടായിരുന്നു. ‘എഴുന്നേറ്റ് ധാരാളം മാംസം തിന്നുക,’ എന്ന് അതിനോടു പറയപ്പെട്ടു.
6 "അതിനുശേഷം ഞാൻ നോക്കിയപ്പോൾ പുള്ളിപ്പുലിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ മുതുകിൽ പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. ആധിപത്യം ആ മൃഗത്തിനു ലഭിച്ചു.
7 "അതിനുശേഷം രാത്രി ദർശനത്തിൽ ഞാൻ ഉഗ്രവും ഭയാനകവും അതിശക്തവുമായ നാലാമതൊരു മൃഗത്തെ കണ്ടു. അതിന് വലിയ ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നു. അതു തിന്നുകയും തകർക്കുകയും ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തു. അതിനുമുമ്പുള്ള എല്ലാ മൃഗങ്ങളിൽനിന്നും അതു വ്യത്യസ്തമായിരുന്നു; പത്തു കൊമ്പുകൾ അതിനുണ്ടായിരുന്നു.