21 ന്യായപ്രമാണത്തിൻ കീഴിരിക്കുവാൻ ഇച്ഛിക്കുന്നവരേ, ന്യായപ്രമാണം പറയുന്നത് എന്ത് എന്നു നിങ്ങൾ കേൾക്കുന്നില്ലയോ? എന്നോട് പറവിൻ. 22 അബ്രാഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസിയാൽ, ഒരുവൻ സ്വതന്ത്രയാൽ എന്നു എഴുതിയിരിക്കുന്നുവല്ലോ. 23 ദാസിയാലുള്ളവൻ ജഡപ്രകാരവും എന്നാൽ സ്വതന്ത്രയാലുള്ളവനോ ദൈവ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
24 ഇത് സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു ഉടമ്പടികൾ അത്രേ; ഒന്ന് സീനായ് മലയിൽനിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അത് ഹാഗർ. 25 ഇപ്പോൾ ഹാഗർ എന്നത് അരാബിദേശത്ത് സീനായ് മലയെക്കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അത് തന്‍റെ മക്കളോടുകൂടെ അടിമത്തത്തിൽ അല്ലോ ഇരിക്കുന്നത്. 26 എന്നാൽ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നെ നമ്മുടെ അമ്മ.