ഹാഗറും സാറയും
21 നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ? 22 ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. 23 ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു.
24 ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. 25 ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്. 26 സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്.