18 അനന്തരം യഹോവയായ ദൈവം: "മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; ഞാൻ അവനു തക്കതായൊരു തുണയെ ഉണ്ടാക്കിക്കൊടുക്കും" എന്നു അരുളിച്ചെയ്തു. 19 യഹോവയായ ദൈവം ഭൂമിയിലെ സകലമൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ട് മനുഷ്യൻ അവയ്ക്ക് എന്ത് പേരിടുമെന്ന് കാണുവാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും ആദാം ഇട്ടത് അവയ്ക്ക് പേരായി. 20 ആദാം2:20 ആദാം-മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന് തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21 ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിന് പകരം മാംസം പിടിപ്പിച്ചു. 22 യഹോവയായ ദൈവം മനുഷ്യനിൽ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.
23 അപ്പോൾ ആദാം;
"ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും
എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.
ഇവളെ നരനിൽനിന്ന് എടുത്തിരിക്കുകയാൽ
ഇവൾക്ക് നാരി എന്നു പേരാകും" എന്നു പറഞ്ഞു.
24 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോടു പറ്റിച്ചേരും; അവർ ഒരു ദേഹമായി തീരും.