യിസ്ഹാക്കും അബീമെലെക്കും
1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
2 യഹോവ അവനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തതെന്തെന്നാൽ: "മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോട് കല്പിക്കുന്ന ദേശത്തു വസിക്കുക. 3 ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം മുഴുവൻ തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. 4 അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട് 5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും." 6 അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.
7 ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; "അവൾ എന്റെ സഹോദരി" എന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു. 8 അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ സല്ലപിക്കുന്നതു കണ്ടു.