ക്രിസ്തുവിലുള്ള ദൈവിക വെളിപ്പാട്
1 ആദികാലങ്ങളിൽ ദൈവം മുന്‍ തലമുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്. 2 ഈ കാലത്താകട്ടെ, ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. 3 തന്റെ പുത്രൻ, പിതാവായ ദൈവത്തിന്റെ തേജസ്സിൻ്റെ പ്രതിഫലനവും, ദൈവത്തിന്റെ സത്തയുടെ പ്രതിബിംബവും, സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം ഉയരത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.