Publicidade

Hebreus 8

ക്രിസ്തു ശ്രേഷ്ഠവും പുതിയതുമായ ഉടമ്പടിയുടെ മദ്ധ്യസ്ഥൻ

1 നാം ഈ പറയുന്നതിൻ്റെ ഉദ്ദേശ്യം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി, 2 വിശുദ്ധസ്ഥലത്തിൻ്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിൻ്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല.

3 ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം. 4 എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ. 5 അവർ സ്വർഗ്ഗീയമായതിൻ്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, "പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക" എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു.

6 എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്‍റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു. 7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു. 8 എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ടു അരുളിച്ചെയ്യുന്നത്:

"ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും

പുതിയൊരു നിയമം ചെയ്യുന്ന കാലം വരും

എന്നു കർത്താവിന്‍റെ അരുളപ്പാടു.

9 ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ

കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ

ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല;

അവർ എന്‍റെ നിയമത്തിൽ നിലനിന്നില്ല;

ഞാൻ അവരെ ആദരിച്ചതുമില്ല

എന്നു കർത്താവിന്‍റെ അരുളപ്പാടു.

10 ഈ കാലം കഴിഞ്ഞശേഷം

ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന

നിയമം ഇങ്ങനെ ആകുന്നു:

ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി

അവരുടെ ഹൃദയങ്ങളിൽ എഴുതും;

ഞാൻ അവർക്ക് ദൈവമായും

അവർ എനിക്ക് ജനമായും ഇരിക്കും.

11 ഇനി അവരിൽ ആരും തന്‍റെ കൂട്ടുകാരനെയും

തന്‍റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല;

അവർ ആബാലവൃദ്ധം എല്ലാവരും

എന്നെ അറിയും.

12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും;

അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല

എന്നു കർത്താവിന്‍റെ അരുളപ്പാടു."

13 പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.

Veja também

Publicidade
Hebreus
Ver todos os capítulos de Hebreus
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-