3 ഇപ്പോഴോ ആണ്ടുതോറും യാഗങ്ങളാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു. 4 കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കുവാൻ കഴിയുന്നത് അസാധ്യമത്രെ. 5 ആകയാൽ ക്രിസ്തു ലോകത്തിൽ വന്നപ്പോൾ താൻ പറയുന്നു:
"ഹനനയാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല;
എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.
6 സർവ്വാംഗഹോമങ്ങളിലും
പാപപരിഹാര യാഗങ്ങളിലും നീ പ്രസാദിച്ചില്ല.
7 അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു"
എന്നു അവൻ പറയുന്നു. 8 ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടുകളും സർവ്വാംഗ ഹോമങ്ങളും പാപപരിഹാര യാഗങ്ങളും നീ ഇച്ഛിച്ചില്ല, അവയിൽ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം: 9 ഇതാ, നിന്‍റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തേതിനെ സ്ഥാപിക്കുവാൻ ഒന്നാമത്തെ ആചാരങ്ങളെ നീക്കിക്കളയുന്നു. 10 ആ രണ്ടാമത്തെ അനുഷ്ഠാനങ്ങളാൽ, അതായത് യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.