അനുതാപത്തിനായുള്ള ആഹ്വാനം
12 "എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും
ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി
എങ്കലേക്ക് തിരിയുവിൻ" എന്ന് യഹോവയുടെ അരുളപ്പാട്.
13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,
ഹൃദയങ്ങൾ തന്നെ കീറി
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ;
അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ;
അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട്
തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
15 സീയോനിൽ കാഹളം ഊതുവിൻ;
ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ;
സഭായോഗം വിളിക്കുവിൻ!
16 ജനത്തെ കൂട്ടിവരുത്തുവിൻ;
സഭയെ വിശുദ്ധീകരിക്കുവിൻ;
മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ;
കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ;
മണവാളൻ മണവറയും
മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ
പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്:
"യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ;
ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം
നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ;
‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?" എന്നിങ്ങനെ പറയട്ടെ.