16 എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും. 17 ഈ സത്യത്തിന്റെ ആത്മാവിനെ ലോകം കാണുകയോ അറിയുകയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴിയുകയില്ല; എന്നാൽ അവൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ടു അവനെ നിങ്ങൾ അറിയുന്നു. 18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും. 19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും. 20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. 21 എന്റെ കല്പനകൾ ലഭിച്ചു അവയെ പ്രമാണിക്കുന്നവനാകുന്നു എന്നെ സ്നേഹിക്കുന്നവൻ; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കും; ഞാനും അവനെ സ്നേഹിച്ച് അവനു എന്നെത്തന്നെ വെളിപ്പെടുത്തും.
22 ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: "കർത്താവേ, എന്ത് സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത്?" എന്നു ചോദിച്ചു.
23 യേശു അവനോട്: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. 24 എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റെതല്ല എന്നെ അയച്ച പിതാവിൻ്റേതത്രേ എന്നു ഉത്തരം പറഞ്ഞു.
25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26 എങ്കിലും പിതാവ് എന്റെ നാമത്തിൽ അയയ്ക്കുവാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.