54 അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു. 55 അവർ എല്ലാവരും നടുമുറ്റത്തിൻ്റെ22:55 നടുമുറ്റം എന്നാൽ മേൽക്കൂരയില്ലാതെ മതിലുകളാൽ ചുറ്റപ്പെട്ട സ്ഥലം മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. 56 അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ടു അവനെ സൂക്ഷിച്ചുനോക്കി: "ഇവനും യേശുവിനോടുകൂടെ ആയിരുന്നു" എന്നു പറഞ്ഞു.
57 അവനോ: "സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല" എന്നു തള്ളിപ്പറഞ്ഞു.
58 കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ടു: "നീയും അവരുടെ കൂട്ടത്തിലുള്ളവൻ" എന്നു പറഞ്ഞു;
പത്രൊസോ: "മനുഷ്യാ, ഞാൻ അല്ല" എന്നു പറഞ്ഞു.
59 ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: "ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ" എന്നു ഉറപ്പിച്ചു പറഞ്ഞു.
60 "മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല" എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നെ പെട്ടെന്ന് കോഴി കൂകി.
61 അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു 62 പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.