മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ്
23 യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി. 24 പരീശന്മാർ അവനോട്: "നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത്?" എന്നു പറഞ്ഞു.
25 അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്? 26 അവൻ അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? എന്നു ചോദിച്ചു.
27 പിന്നെ യേശു അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; 28 അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.