ശബ്ബത്തിന്റെ കർത്താവ്
23 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി. 24 പരീശന്മാർ യേശുവിനോട്, "നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?" എന്നു ചോദിച്ചു.
25 അതിനുത്തരമായി യേശു: "ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 26 അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു."2:26 ലേവ്യ. 24:9; 1 ശമു. 21:1-6
27 തുടർന്ന് യേശു, "മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല; 28 മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്" എന്നു പറഞ്ഞു.