പുനരുത്ഥാനാന്തര ജീവിതം
23 ആ ദിവസം പുനരുത്ഥാനം ഇല്ല എന്നു പറയുന്ന ചില സദൂക്യരും അവന്റെ അടുക്കൽ വന്നു: 24 "ഗുരോ, ഒരുവൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹംകഴിച്ച് തന്റെ സഹോദരന് വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. 25 എന്നാൽ ഒരിടത്ത് ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു. 26 രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു. 27 എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. 28 എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ" എന്നു ചോദിച്ചു.
29 അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു. 30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്. 31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ? 32 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, മറിച്ച് ജീവനുള്ളവരുടെ ദൈവമത്രേ. 33 പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.