Publicidade

Jó 5

1 "വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ?

നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

2 നീരസം ഭോഷനെ കൊല്ലുന്നു;

അസൂയ മൂഢനെ കൊല്ലുന്നു.

3 മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു

ക്ഷണത്തിൽ അവന്‍റെ പാർപ്പിടത്തെ ഞാൻ ശപിച്ചു.

4 അവന്‍റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു;

അവർ രക്ഷകനില്ലാതെ വാതില്‍ക്കൽവച്ച് തകർന്നുപോകുന്നു.

5 അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും;

മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;

അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു.

6 അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല;

കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല;

7 തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ

മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

8 "ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു;

എന്‍റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു;

9 അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും

അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.

10 അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു;

വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു.

11 അവിടുന്ന് താണവരെ ഉയർത്തുന്നു;

ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12 അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;

അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല.

13 അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;

വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14 പകൽ സമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു;

ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15 അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും

ബലവാന്‍റെ കയ്യിൽനിന്നും രക്ഷിക്കുന്നു.

16 അങ്ങനെ എളിയവനു പ്രത്യാശയുണ്ട്;

നീതികെട്ടവനോ വായ് പൊത്തുന്നു.

17 "ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;

സർവ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്.

18 അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു;

അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.

19 ആറു കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും;

ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20 ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും

യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽനിന്നും വിടുവിക്കും.

21 നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും;

നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.

22 നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും;

കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല.

23 വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും;

കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.

24 നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും;

നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.

25 നിന്‍റെ മക്കൾ അസംഖ്യമെന്നും

നിന്‍റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ അറിയും.

26 തക്കസമയത്ത് കറ്റക്കൂമ്പാരം അടുക്കിവക്കുന്നതുപോലെ

നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും.

27 ഞങ്ങൾ അത് അന്വേഷിച്ചുനോക്കി,

അത് അങ്ങനെ തന്നെ ആകുന്നു; നീ അത് കേട്ടു ഗ്രഹിച്ചുകൊള്ളുക."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-