Publicidade

Jó 9

ഇയ്യോബ് ഉത്തരം പറയുന്നു

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 "അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം;

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ?

3 ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ

ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല.

4 അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;

അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്‍?

5 അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു;

അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.

6 അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു;

അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.

7 അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു;

അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു.

8 അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു;

സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു.

9 അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും

തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.

10 യഹോവ അറിഞ്ഞുകൂടാത്ത വൻകാര്യങ്ങളും

എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു.

11 അവിടുന്ന് എന്‍റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല;

അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല.

12 അവിടുന്ന് പറിച്ചെടുക്കുന്നു; ആര്‍ അവിടുത്തെ തടുക്കും?

‘നീ എന്ത് ചെയ്യുന്നു’ എന്നു ആര്‍ ചോദിക്കും?

13 "ദൈവം തന്‍റെ കോപം പിൻവലിക്കുന്നില്ല;

രഹബിന്‍റെ സഹായികൾ അവിടുത്തെ വണങ്ങുന്നു.

14 പിന്നെ ഞാൻ അങ്ങേയോട് ഉത്തരം പറയുന്നതും

അങ്ങേയോട് വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?

15 ഞാൻ നീതിമാനായിരുന്നാലും അങ്ങേയോട് ഉത്തരം പറഞ്ഞുകൂടാ;

എന്‍റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും.

16 ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും

എന്‍റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കുകയില്ല.

17 കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ;

കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു.

18 ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല;

കൈപ്പുകൊണ്ട് എന്‍റെ വയറ് നിറയ്ക്കുന്നു.

19 ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ;

ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും?

20 ഞാൻ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും;

ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിക്കു കുറ്റം ആരോപിക്കും.

21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്‍റെ പ്രാണനെ കരുതുന്നില്ല;

എന്‍റെ ജീവനെ ഞാൻ നിരസിക്കുന്നു.

22 അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്:

അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.

23 ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ

നിർദ്ദോഷികളുടെ നിരാശ കണ്ടു അവിടുന്ന് ചിരിക്കുന്നു.

24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു;

അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു;

അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്‍?

25 "എന്‍റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു;

അത് നന്മ കാണാതെ ഓടിപ്പോകുന്നു.

26 അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും

ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.

27 ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്,

പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,

28 ഞാൻ എന്‍റെ വ്യസനം എല്ലാം ഓർത്തു ഭയപ്പെടുന്നു;

അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു.

29 എന്നെ കുറ്റം വിധിക്കുകയേയുള്ളു;

പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്?

30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും

സോപ്പുകൊണ്ട് എന്‍റെ കൈ വെടിപ്പാക്കിയാലും

31 അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും;

എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും.

32 ഞാൻ അങ്ങേയോട് പ്രതിവാദിക്കേണ്ടതിനും

ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും

അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.

33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്

ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.

34 ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ;

അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;

35 അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും;

ഇപ്പോൾ എന്‍റെ സ്ഥിതി അങ്ങനെയല്ലല്ലോ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-