Publicidade

Jó 6

ഇയ്യോബ് ഉത്തരം പറയുന്നു

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 "അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!

എന്‍റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ!

3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.

അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു.

4 സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;

അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു;

ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.

5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?

തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?

6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?

മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?

7 തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത്

എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.

8 "അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ!

എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!

തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!

10 അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു;

കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.

പരിശുദ്ധന്‍റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;

11 ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്?

ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്?

12 എന്‍റെ ബലം കല്ലിന്‍റെ ബലമോ?

എന്‍റെ മാംസം താമ്രമാകുന്നുവോ?

13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?

രക്ഷ എന്നെ വിട്ടുപോയില്ലയോ?

14 "ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;

അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്‍റെ ഭയം ത്യജിക്കും.

15 എന്‍റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;

വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.

16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;

ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.

17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;

ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.

18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;

അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.

19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു;

ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.

20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;

അവിടംവരെ ചെന്നു നാണിച്ചു പോകുന്നു.

21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി

വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.

22 എനിക്കു കൊണ്ടുവന്നു തരുവിൻ;

നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;

23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;

നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ

എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?

24 "എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;

ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.

25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!

നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?

26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?

ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.

27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;

സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.

28 "ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;

ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?

29 ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്.

ഒന്നുകൂടെ നോക്കുവിൻ; എന്‍റെ കാര്യം നീതിയുള്ളത് തന്നെ.

30 എന്‍റെ നാവിൽ അനീതിയുണ്ടോ?

എന്‍റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-22_10-02-25-