Publicidade

Jó 11

നയമാത്യനായ സോഫർ

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്:

2 "അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ?

ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ?

3 നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?

നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ?

4 "എന്‍റെ ഉപദേശം നിർമ്മലം എന്നും

തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ" എന്നും നീ പറഞ്ഞുവല്ലോ.

5 അയ്യോ ദൈവം അരുളിച്ചെയ്യുകയും

നിന്‍റെ നേരെ അധരം തുറക്കുകയും

6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ

എന്നു നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ!

അപ്പോൾ നിന്‍റെ അകൃത്യം ഓരോന്നും

ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.

7 "ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?

സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?

8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും;

അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം?

9 അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും

സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.

10 യഹോവ കടന്നുവന്നു ബന്ധിക്കുകയും

വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ?

11 ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ;

ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു.

12 വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും;

കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;

13 "നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി

ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ

14 നിന്‍റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;

നീതികേട് നിന്‍റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.

15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;

നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.

16 അതെ, നീ കഷ്ടത മറക്കും;

ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.

17 നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;

ഇരുൾ പ്രഭാതംപോലെയാകും.

18 പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;

നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;

19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;

പലരും നിന്‍റെ മമത അന്വേഷിക്കും.

20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും;

ശരണം അവർക്ക് പൊയ്പോകും;

പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-