Publicidade

Jó 24

ഭൂമിയിലെ അക്രമത്തെക്കുറിച്ച് ഇയ്യോബ് പരാതിപ്പെടുന്നു

1 "സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും

അവിടുത്തെ ഭക്തന്മാർ അവിടുത്തെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?

2 ചിലർ അതിരുകളെ മാറ്റുന്നു;

ചിലർ ആട്ടിൻകൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയ്ക്കുന്നു.

3 ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു;

ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു.

4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു;

ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു.

5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു;

അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു.

6 അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു;

ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു;

കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല.

8 അവർ മലകളിൽ മഴ നനയുന്നു;

മറവിടം ഇല്ലാത്തതിനാൽ അവർ പാറയെ ആശ്രയിക്കുന്നു.

9 "ചിലർ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു;

ചിലർ ദരിദ്രനോടു കുട്ടികളെ പണയം വാങ്ങുന്നു.

10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു;

പട്ടിണി കിടന്നുകൊണ്ട് കറ്റ ചുമക്കുന്നു.

11 ദുഷ്ടന്മാരുടെ മതിലുകൾക്കകത്ത് അവർ ചക്കാട്ടുന്നു;

മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കുകയും ചെയ്യുന്നു.

12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു;

മുറിവേറ്റവരുടെ പ്രാണൻ നിലവിളിക്കുന്നു;

ദൈവം അവരുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുന്നില്ല

13 "ഇവർ വെളിച്ചത്തോട് മത്സരിക്കുന്നു;

അതിന്‍റെ വഴികളെ അറിയുന്നില്ല;

അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.

14 കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു;

ദരിദ്രനെയും എളിയവനെയും കൊല്ലുന്നു;

രാത്രിയിൽ കള്ളനായി നടക്കുന്നു.

15 വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു;

അവൻ മുഖം മറച്ചു നടക്കുന്നു.

"ഒരു കണ്ണും എന്നെ കാണുകയില്ല" എന്നു പറയുന്നു.

16 ചിലർ ഇരുട്ടത്തു വീട് തുരന്നു കയറുന്നു;

പകൽ അവർ വാതിൽ അടച്ചു പാർക്കുന്നു;

വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.

17 പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ;

അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.

18 "വെള്ളത്തിനുമീതെകൂടി അവർ വേഗത്തിൽ പൊയ്പോകുന്നു;

അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു;

അവരുടെ മുന്തിരിത്തോട്ടങ്ങളിൽ ആരും പോകുന്നില്ല.

19 ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും

പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു.

20 അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും;

കൃമി അവനെ തിന്നു രസിക്കും;

പിന്നെ ആരും അവനെ ഓർക്കുകയില്ല;

നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും.

21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു;

വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.

22 "ദൈവം തന്‍റെ ശക്തിയാൽ കരുത്തന്മാരെ നിലനില്‍ക്കുമാറാക്കുന്നു;

ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.

23 അവിടുന്ന് അവർക്ക് നിർഭയവാസം നല്കുന്നു; അവർ ഉറച്ചുനില്ക്കുന്നു;

എങ്കിലും അവിടുത്തെ ദൃഷ്ടി അവരുടെ വഴികളിലുണ്ട്.

24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ട് അവർ ഇല്ല;

അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു;

കതിർക്കുലയെന്നപോലെ അവരെ അറുക്കുന്നു.

25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും

എന്‍റെ വാക്ക് അർത്ഥശൂന്യമെന്ന് തെളിയിക്കുകയും ചെയ്യാവുന്നവൻ ആര്‍?"

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-