Publicidade

Jó 26

ഇയ്യോബിന്‍റെ ഉത്തരം

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

2 "നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു?

ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?

3 ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു?

ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

4 ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്?

ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;

5 "വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ

മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു.

6 പാതാളം ദൈവത്തിന്‍റെ മുമ്പിൽ തുറന്നുകിടക്കുന്നു;

നരകം മറയില്ലാതെയിരിക്കുന്നു.

7 ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു;

ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.

8 അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു;

അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.

9 അവിടുന്ന് ചന്ദ്രന്‍റെ ദർശനം മറച്ചുവയ്ക്കുന്നു;

അതിന്മേൽ തന്‍റെ മേഘം വിരിക്കുന്നു.

10 അവിടുന്ന് വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും ഇടയിൽ

വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു.

11 ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു;

അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.

12 അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു;

തന്‍റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.

13 അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു;

അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.

14 എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;

നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.

അവിടുത്തെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?"

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-