Publicidade

Jó 29

1 ഇയ്യോബ് പിന്നെയും പറഞ്ഞത്:

2 "അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ

ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ

ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.

3 അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു;

അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.

4 എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു;

സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും

5 എന്‍റെ മക്കൾ എന്‍റെ ചുറ്റും ഇരിക്കുകയും ചെയ്ത

എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.

6 അന്നു ഞാൻ എന്‍റെ കാലുകൾ വെണ്ണകൊണ്ട് കഴുകി;

പാറ എനിക്ക് തൈലനദികളെ ഒഴുക്കിത്തന്നു.

7 "ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു.

വിശാലസ്ഥലത്ത് എന്‍റെ ഇരിപ്പിടം വയ്ക്കുമ്പോൾ

8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;

വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.

9 പ്രഭുക്കന്മാർ സംസാരം നിർത്തി,

കൈകൊണ്ട് വായ് പൊത്തും.

10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;

അവരുടെ നാവ് അണ്ണാക്കോടു പറ്റും.

11 എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും;

എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും.

12 നിലവിളിച്ച എളിയവനെയും അനാഥനെയും

തുണയറ്റവനെയും ഞാൻ വിടുവിച്ചു.

13 നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേൽ വന്നു;

വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.

14 ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു;

എന്‍റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15 ഞാൻ കുരുടന് കണ്ണും

മുടന്തന് കാലും ആയിരുന്നു.

16 ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;

ഞാൻ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു.

17 നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു;

അവന്‍റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.

18 "എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും;

ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.

19 എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു;

എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.

20 എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;

എന്‍റെ വില്ല് എന്‍റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു.

21 "മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും;

എന്‍റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.

22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;

എന്‍റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും.

23 മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;

പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.

24 അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ

ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി;

എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.

25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും;

സൈന്യസമേതനായ രാജാവിനെപ്പോലെയും

ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-