Publicidade

Isaías 27

യിസ്രായേലിന്‍റെ വിമോചനം

1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.

2 അന്നു നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.

3 "യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും;

നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും;

ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു

ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

4 ക്രോധം എനിക്കില്ല;

യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും

എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു;

ഞാൻ അവയുടെ നേരെ ചെന്നു

അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച്

എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ;

അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ."

6 വരുംകാലത്ത് യാക്കോബ് വേരൂന്നുകയും

യിസ്രായേൽ തളിർത്തുപൂക്കുകയും

അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം

ഫലപൂർണ്ണമാവുകയും ചെയ്യും.

7 യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ

യഹോവ യിസ്രായേലിനെ അടിച്ചത്?

യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ

അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്?

8 ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും

പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.

9 ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും;

അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു;

അവൻ ബലിപീഠത്തിന്‍റെ കല്ല് എല്ലാം

ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ

അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും

ഇനി നിവിർന്നുനില്‍ക്കുകയില്ല.

10 ഉറപ്പുള്ള പട്ടണം ഏകാന്തവും

മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും;

അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന്

അവിടെയുള്ള തളിരുകൾ തിന്നുകളയും.

11 അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും;

സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും;

അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ;

അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല;

അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.

12 ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. 13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-