Publicidade

Isaías 46

ബാബേല്യ ദേവതകൾ

1 ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു;

അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും

കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു;

നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും,

തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു.

2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു;

ഭാരം ഒഴിക്കുവാൻ കഴിയാതെ അവ തന്നെ

പ്രവാസത്തിലേക്കു പോയിരിക്കുന്നു.

3 "ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി

യാക്കോബ് ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളവരേ,

എന്‍റെ വാക്കു കേൾക്കുവിൻ.

4 നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ;

നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും;

ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും

ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.

5 നിങ്ങൾ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും?

തമ്മിൽ ഒത്തുവരത്തക്കവിധം എന്നെ ആരോട് തുല്യമാക്കും?

6 അവർ സഞ്ചിയിൽനിന്നു പൊന്ന് കുടഞ്ഞിടുന്നു;

തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്ക് വയ്ക്കുന്നു;

അവൻ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു;

അവർ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.

7 അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി

അതിന്‍റെ സ്ഥലത്തു നിർത്തുന്നു;

അത് തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു;

അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല;

കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.

8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ;

അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.

9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ;

ഞാനല്ലാതെ വേറൊരു ദൈവമില്ല;

ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

10 ആരംഭത്തിൽതന്നെ അവസാനവും

പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു;

‘എന്‍റെ ആലോചന നിവൃത്തിയാകും;

ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.

11 ഞാൻ കിഴക്കുനിന്ന് ഒരു റാഞ്ചൻപക്ഷിയെ,

ദൂരദേശത്തുനിന്ന്, എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു;

ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും;

ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.

12 നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ,

എന്‍റെ വാക്കു കേൾക്കുവിൻ.

13 ഞാൻ എന്‍റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അത് വിദൂരമായിരിക്കുന്നില്ല;

എന്‍റെ രക്ഷ താമസിക്കുകയുമില്ല;

ഞാൻ സീയോനിൽ രക്ഷയും

യിസ്രായേലിനു എന്‍റെ മഹത്ത്വവും നല്കും."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-