Publicidade

Isaías 53

1 ഞങ്ങൾ കേൾപ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?

2 അവൻ ഇളയ തൈപോലെയും

വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും

അവിടുത്തെ മുമ്പാകെ വളരും;

അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല;

കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.

3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും

വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു;

അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവിധം

അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു;

നമ്മുടെ വേദനകളെ അവൻ ചുമന്നു;

നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും

ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.

5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും

നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു;

നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി

അവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.

6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു;

നാം ഓരോരുത്തനും അവനവന്‍റെ വഴിക്കു തിരിഞ്ഞിരുന്നു;

എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം

അവന്‍റെമേൽ ചുമത്തി.

7 തന്നെത്താൻ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും

അവൻ പീഡിപ്പിക്കപ്പെട്ടു;

കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും

രോമം കത്രിക്കുന്നവരുടെ മുമ്പാകെ

മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും

അവൻ വായ് തുറക്കാതെ ഇരുന്നു.

8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു;

ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും

എന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും

അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു?

9 അവൻ സാഹസം ഒന്നും ചെയ്യാതെയും

അവന്‍റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും

അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു;

അവന്‍റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു.

10 എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി;

അവിടുന്ന് അവനു കഷ്ടം വരുത്തി;

അവന്‍റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട്

അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും

യഹോവയുടെ ഇഷ്ടം അവന്‍റെ കയ്യാൽ സാധിക്കുകയും ചെയ്യും.

11 അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും;

നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും;

അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും;

ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും;

അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും

അനേകം പേരുടെ പാപം വഹിച്ചും

അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട്

അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-