Publicidade

Isaías 13

ബാബേലിനെതിരേയുള്ള പ്രവചനം

1 ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:

2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ;

അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു

ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ.

3 ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു,

എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ

ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.

4 ബഹുജനത്തിന്‍റെ ഘോഷംപോലെ

പർവ്വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം!

കൂടിയിരിക്കുന്ന ജനതകളുടെ രാജ്യങ്ങളുടെ ആരവം!

സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ ഒന്നിച്ചുകൂട്ടുന്നു.

5 അവര്‍ ദൂരദേശത്തുനിന്നും

ആകാശത്തിന്‍റെ അറ്റത്തുനിന്നും

യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും

ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു.

6 യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ;

അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു.

7 അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും;

സകലഹൃദയവും ഉരുകിപ്പോകും.

8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്ക് പിടിപെടും;

നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും;

അവർ അന്യോന്യം തുറിച്ചുനോക്കും;

അവരുടെ മുഖം ജ്വലിച്ചിരിക്കും.

9 ദേശത്തെ ശൂന്യമാക്കുവാനും

പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും

യഹോവയുടെ ദിവസം ക്രൂരമായി

ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു.

10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശം തരുകയില്ല;

സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും;

ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.

11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും

ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും;

അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും;

ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.

12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും

ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും.

13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും;

സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും

അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും

ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും;

14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും

ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും

അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും;

ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.

15 കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും;

പിടിപെടുന്നവനെല്ലാം വാളാൽ വീഴും.

16 അവരുടെ കൺമുമ്പിൽ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും;

അവരുടെ വീടുകളെ കൊള്ളയിടും;

അവരുടെ ഭാര്യമാരെ അപമാനിക്കും.

17 ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും;

അവർ വെള്ളിയെ കാര്യമാക്കുകയില്ല;

പൊന്നിൽ അവർക്ക് താത്പര്യവുമില്ല.

18 അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും;

ഗർഭഫലത്തോട് അവർക്ക് കരുണ തോന്നുകയില്ല;

പൈതങ്ങളെയും അവർ ആദരിക്കുകയില്ല.

19 രാജ്യങ്ങളുടെ മഹത്ത്വവും

കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ,

ദൈവം സൊദോമിനെയും ഗൊമോറയെയും

മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും.

20 അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല;

തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല;

അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല;

ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.

21 മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും;

അവരുടെ വീടുകളിൽ മൂങ്ങാ നിറയും;

ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും;

ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.

22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും

അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓരിയിടും;

അതിന്‍റെ സമയം അടുത്തിരിക്കുന്നു;

അതിന്‍റെ കാലം ദീർഘിച്ചുപോവുകയുമില്ല.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-