Publicidade

Isaías 45

യഹോവയുടെ അഭിഷിക്തനായ കോരെശ്

1 യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

അവനു ജനതകളെ കീഴടക്കി

രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും

കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും

വാതിലുകൾ അടയാതിരിക്കേണ്ടതിനും

ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു:

2 "ഞാൻ നിനക്കു മുമ്പായി ചെന്നു

ദുർഘടങ്ങളെ നിരപ്പാക്കുകയും

താമ്രവാതിലുകളെ തകർക്കുകയും

ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും.

3 നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ,

യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന്

ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും

മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.

4 എന്‍റെ ദാസനായ യാക്കോബ് നിമിത്തവും

എന്‍റെ വൃതനായ യിസ്രായേൽനിമിത്തവും

ഞാൻ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു;

നീ എന്നെ അറിയാതിരിക്കെ

ഞാൻ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.

5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;

ഞാനല്ലാതെ ഒരു ദൈവവുമില്ല;

നീ എന്നെ അറിയാതെയിരിക്കെ

ഞാൻ നിന്‍റെ അര മുറുക്കിയിരിക്കുന്നു.

6 സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവർ

ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ;

ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.

7 ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു;

ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു;

യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.

8 ആകാശമേ, മേലിൽനിന്നു പൊഴിക്കുക;

മേഘങ്ങൾ നീതി വർഷിക്കട്ടെ;

രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ;

അത് നീതിയെ മുളപ്പിക്കട്ടെ;

യഹോവയായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു.

9 "നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ,

തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന് അയ്യോ കഷ്ടം;

മെനയുന്നവനോടു കളിമണ്ണ്: ‘നീ എന്തുണ്ടാക്കുന്നു’ എന്നും

കൈപ്പണി: ‘അവനു കൈ ഇല്ല’ എന്നും പറയുമോ?

10 അപ്പനോട്: ‘നീ ജനിപ്പിക്കുന്നത് എന്ത്?’ എന്നും

സ്ത്രീയോട്: ‘നീ പ്രസവിക്കുന്നത് എന്ത്?’ എന്നും പറയുന്നവനു അയ്യോ കഷ്ടം!"

11 യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിർമ്മിച്ചവനുമായ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"വരുവാനുള്ളതിനെക്കുറിച്ച്, എന്‍റെ മക്കളെക്കുറിച്ച് നീ എന്നെ ചോദ്യം ചെയ്യുമോ?

എന്ത് ചെയ്യണമെന്ന് എന്‍റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച് നീ എനിക്ക് പറഞ്ഞുതരുമോ?

12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു;

എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

13 ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു;

അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും;

അവൻ എന്‍റെ നഗരം പണിയും;

വിലയും സമ്മാനവും വാങ്ങാതെ

അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും"

എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

"മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും

ദീർഘകായന്മാരായ സെബായരും

നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും;

അവർ നിന്‍റെ പിന്നാലെ നടക്കും;

ചങ്ങലയിട്ടവരായി അവർ കടന്നുവരും;

അവർ നിന്നെ വണങ്ങി;

‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ;

അവനല്ലാതെ വേറൊരു ദൈവവും ഇല്ല’

എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും."

15 യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ,

നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.

16 അവർ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും;

വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ഒരുപോലെ അമ്പരപ്പിൽ ആകും.

17 എന്നാൽ യിസ്രായേൽ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും;

നിങ്ങൾ ഒരുനാളും ലജ്ജിക്കുകയില്ല, അമ്പരന്നുപോകുകയും ഇല്ല.

18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

അവൻ തന്നെ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി;

അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചത്;

വസിക്കുവാനത്രേ അതിനെ നിർമ്മിച്ചത്:

"ഞാൻ തന്നെ യഹോവ; വേറൊരു ദൈവവുമില്ല.

19 ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവച്ചല്ല സംസാരിച്ചത്;

ഞാൻ യാക്കോബിന്‍റെ സന്തതിയോട്:

‘വ്യർത്ഥമായി എന്നെ അന്വേഷിക്കുവിൻ’ എന്നല്ല കല്പിച്ചിരിക്കുന്നത്;

യഹോവയായ ഞാൻ നീതി സംസാരിക്കുന്നു,

നേരുള്ളതു പ്രസ്താവിക്കുന്നു.

20 നിങ്ങൾ കൂടിവരുവിൻ;

ജനതകളിൽനിന്ന് രക്ഷപ്പെട്ടവരേ, ഒന്നിച്ച് അടുത്തുവരുവിൻ;

വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കുകയും

രക്ഷിക്കുവാൻ കഴിയാത്ത ദേവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് അറിവില്ല.

21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ;

അവർ കൂടി ആലോചിക്കട്ടെ;

പുരാതനമേ ഇതു കേൾപ്പിക്കുകയും

പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്‍?

യഹോവയായ ഞാൻ അല്ലയോ?

ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;

ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

22 സകലഭൂസീമാവാസികളുമായുള്ളവരേ, എങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെടുവിൻ;

ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

23 എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും;

ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും

മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു."

24 "യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട്"

എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും;

അവനോട് കോപിക്കുന്ന എല്ലാവരും ലജ്ജിച്ചുപോകും.

25 യഹോവയിൽ യിസ്രായേൽ സന്തതിയെല്ലാം

നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-