Publicidade

Isaías 35

വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം

1 മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും;

നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും.

2 അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടി ഉല്ലസിക്കും;

ലെബാനോന്‍റെ മഹത്ത്വവും

കർമ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിന് നൽകപ്പെടും;

അവർ യഹോവയുടെ മഹത്ത്വവും

നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.

3 തളർന്ന കൈകളെ ബലപ്പെടുത്തുവിൻ;

കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിക്കുവിൻ.

4 മനോഭീതിയുള്ളവരോട്: "ധൈര്യപ്പെടുവിൻ,

ഭയപ്പെടണ്ടാ; ഇതാ, നിങ്ങളുടെ ദൈവം!

പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു!

അവൻ വന്നു നിങ്ങളെ രക്ഷിക്കും" എന്നു പറയുവിൻ.

5 അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും;

ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല.

6 അന്നു മുടന്തൻ മാനിനെപ്പോലെ ചാടും;

ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും;

മരുഭൂമിയിൽ വെള്ളവും

നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.

7 മരീചിക ഒരു പൊയ്കയായും

വരണ്ടനിലം നീരുറവുകളായും തീരും,

കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ,

പുല്ലും ഓടയും ഞാങ്ങണയും വളരും.

8 അവിടെ ഒരു പ്രധാനവീഥിയും പാതയും ഉണ്ടാകും;

അതിന് വിശുദ്ധവഴി എന്നു പേരാകും;

ഒരു അശുദ്ധനും അതിൽകൂടി കടന്നുപോവുകയില്ല;

അവൻ അവരോടുകൂടി ഇരിക്കും;

വഴിപോക്കർ, ഭോഷന്മാർപോലും, വഴിതെറ്റിപ്പോവുകയില്ല.

9 ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല;

ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല;

ആ വകയെ അവിടെ കാണുകയില്ല;

വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും.

10 അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി

ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും;

നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും;

അവർ ആനന്ദവും സന്തോഷവും പ്രാപിക്കും;

ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-