Publicidade

Jó 36

1 എലീഹൂ പിന്നെയും പറഞ്ഞത്:

2 "അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം;

ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്.

3 ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും;

എന്‍റെ സ്രഷ്ടാവിന്‍റെ നീതിയെ അറിയിക്കും.

4 എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം;

അറിവ് തികഞ്ഞവൻ നിന്‍റെ അടുക്കൽ നില്ക്കുന്നു.

5 "ദൈവം ബലവാനാണെങ്കിലും ആരെയും നിരസിക്കുന്നില്ല;

അവിടുന്ന് വിവേകശക്തിയിലും ബലവാൻ തന്നെ.

6 അവിടുന്ന് ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല;

ദുഃഖിതന്മാർക്ക് അവിടുന്ന് ന്യായം നടത്തിക്കൊടുക്കുന്നു.

7 അവിടുന്ന് നീതിമാന്മാരിൽനിന്ന് തന്‍റെ നോട്ടം മാറ്റുന്നില്ല;

രാജാക്കന്മാരോടുകൂടി അവരെ സിംഹാസനത്തിൽ ഇരുത്തുന്നു;

അവർ എന്നേക്കും ഉയർന്നിരിക്കുന്നു.

8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്

കഷ്ടതയുടെ ചരടിൽ കുടുങ്ങുകയും ചെയ്താൽ

9 അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും

അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും.

10 അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു;

അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു.

11 "അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ

അവരുടെ നാളുകളെ ഭാഗ്യത്തിലും

ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;

ബുദ്ധിമോശത്താൽ മരിച്ചുപോകും.

13 ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു;

അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല.

14 അവർ യൗവനത്തിൽ തന്നെ മരിച്ചു പോകുന്നു;

അവരുടെ ജീവൻ അപമാനത്താൽ നശിക്കുന്നു.

15 അവിടുന്ന് പീഡിതനെ അവന്‍റെ പീഡയാൽ വിടുവിക്കുന്നു;

അനർഥങ്ങൾകൊണ്ടുതന്നെ അവരുടെ ചെവി തുറക്കുന്നു.

16 "നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന്

ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു.

നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.

17 നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു;

വിധിയും നീതിയും നിന്നെ പിടിക്കും.

18 കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്;

മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്.

19 കഷ്ടത്തിൽ അകപ്പെടാതിരിക്കുവാൻ നിന്‍റെ നിലവിളിയും

ശക്തിയേറിയ പരിശ്രമങ്ങളും മതിയാകുമോ?

20 ജനതകൾ തങ്ങളുടെ സ്ഥലത്തുവച്ച്

മുടിഞ്ഞുപോകുന്ന രാത്രിയെ നീ ആഗ്രഹിക്കരുത്.

21 സൂക്ഷിച്ചുകൊള്ളുക; നീതികേടിലേക്ക് തിരിയരുത്;

കഷ്ടതയാൽ പരീക്ഷിക്കപ്പെടുന്നതുകൊണ്ട് നീ പാപത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക.

22 "ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു;

അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു?

23 ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്?

അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം?

24 അവിടുത്തെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊള്ളുക;

അതിനെക്കുറിച്ചല്ലയോ മനുഷ്യർ പാടിയിരിക്കുന്നത്.

25 മനുഷ്യരെല്ലാം അതുകണ്ട് രസിക്കുന്നു;

ദൂരത്തുനിന്ന് മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26 "നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ;

അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.

27 അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു;

അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു.

28 മേഘങ്ങൾ അവയെ ചൊരിയുന്നു;

മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും

അവിടുത്തെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30 ദൈവം തന്‍റെ ചുറ്റും പ്രകാശം വിതറുന്നു;

സമുദ്രത്തെ ഇരുട്ടുകൊണ്ട് മൂടുന്നു.

31 ഇങ്ങനെ അവിടുന്ന് ജനതകളെ പോറ്റുന്നു;

ആഹാരവും ധാരാളമായി കൊടുക്കുന്നു.

32 അവിടുന്ന് മിന്നൽകൊണ്ട് തൃക്കൈ നിറയ്ക്കുന്നു;

പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.

33 അതിന്‍റെ മുഴക്കം അവിടുത്തെയും

കന്നുകാലികൾ എഴുന്നെള്ളുന്നവനെക്കുറിച്ച് അറിവു തരുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-18_14-04-22-