Publicidade

Provérbios 14

1 സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു;

ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2 നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു;

നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.

3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു;

ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.

4 കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്;

കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.

5 വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല;

കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു.

6 പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;

വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.

7 മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക;

പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8 വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം;

ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.

9 ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു;

നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്.

10 ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;

അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല.

11 ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും;

നീതിമാന്‍റെ കൂടാരമോ തഴയ്ക്കും.

12 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും;

അതിന്‍റെ അവസാനം മരണവഴികൾ അത്രേ.

13 ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം;

സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം.

14 ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും;

നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും.

15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു;

സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.

16 ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു;

ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.

17 മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു;

വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും.

18 അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു;

സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19 ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും

ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു.

20 ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു;

ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്.

21 കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;

എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ.

22 ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ?

നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23 എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും;

വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു.

24 ജ്ഞാനികളുടെ ധനം അവർക്ക് കിരീടം;

മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ.

25 സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;

ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു.

26 യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്;

അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും.

27 യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു;

അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും.

28 പ്രജാബാഹുല്യം രാജാവിന് ബഹുമാനം;

പ്രജാന്യൂനത പ്രഭുവിന് നാശം.

29 ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;

മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു.

30 ശാന്തമനസ്സ് ദേഹത്തിന് ജീവൻ;

അസൂയയോ അസ്ഥികൾക്ക് ദ്രവത്വം.

31 എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;

ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു.

32 ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;

നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു.

33 വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;

മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു.

34 നീതി രാജ്യത്തെ ഉയർത്തുന്നു;

പാപം ജനതക്ക് അപമാനം.

35 ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു;

നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-