Publicidade

Provérbios 31

ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ

1 ലെമൂവേൽ രാജാവിന്‍റെ വചനങ്ങൾ; അവന്‍റെ അമ്മ അവന് ഉപദേശിച്ചുകൊടുത്ത അരുളപ്പാടു.

2 മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?

എന്‍റെ നേർച്ചകളുടെ മകനേ, എന്ത്?

3 സ്ത്രീകൾക്ക് നിന്‍റെ ബലത്തെയും

രാജാക്കന്മാരെ നശിപ്പിക്കുന്നവർക്ക് നിന്‍റെ വഴികളെയും ഏല്പിച്ചു കൊടുക്കരുത്.

4 വീഞ്ഞ് കുടിക്കുന്നത് രാജാക്കന്മാർക്ക് ചേർന്നതല്ല;

ലെമൂവേലേ, രാജാക്കന്മാർക്ക് അത് ചേർന്നതല്ല;

മദ്യാസക്തി പ്രഭുക്കന്മാർക്ക് ഉചിതവുമല്ല.

5 അവർ മദ്യപിച്ചിട്ട്, നിയമം മറന്നുപോകുവാനും

പീഡിതരുടെ ന്യായം മറിച്ചുകളയുവാനും ഇടവരരുത്.

6 നശിച്ചുകൊണ്ടിരിക്കുന്നവന് മദ്യവും

മനോവ്യസനമുള്ളവന് വീഞ്ഞും കൊടുക്കുക.

7 അവൻ മദ്യപിച്ചിട്ട്, തന്‍റെ ദാരിദ്ര്യം മറക്കുകയും

തന്‍റെ അരിഷ്ടത ഓർക്കാതിരിക്കുകയും ചെയ്യട്ടെ.

8 ഊമനു വേണ്ടി നിന്‍റെ വായ് തുറക്കുക;

ക്ഷയിച്ചുപോകുന്ന എല്ലാവരുടെയും കാര്യത്തിൽ തന്നെ.

9 നിന്‍റെ വായ് തുറന്ന് നീതിയോടെ ന്യായം വിധിക്കുക;

എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്കുക.

സാമർത്ഥ്യമുള്ള ഭാര്യ

10 സാമർത്ഥ്യമുള്ള ഭാര്യയെ ആർക്ക് കിട്ടും?

അവളുടെ വില മുത്തുകളിലും ഏറിയത്.

11 ഭർത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു;

അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല.

12 അവൾ തന്‍റെ ആയുഷ്ക്കാലമൊക്കെയും

അവന് തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.

13 അവൾ ആട്ടുരോമവും ചണവും സമ്പാദിച്ച്

താത്പര്യത്തോടെ സ്വന്തം കൈകൊണ്ട് വേലചെയ്യുന്നു.

14 അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;

ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.

15 അവൾ അതിരാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവർക്ക് ആഹാരവും

വേലക്കാരികൾക്ക് ഓഹരിയും കൊടുക്കുന്നു.

16 അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവച്ച് അത് വാങ്ങുന്നു;

സമ്പാദ്യം കൊണ്ടു അവൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു.

17 അവൾ ബലംകൊണ്ട് അരമുറുക്കുകയും

ഭുജങ്ങളെ ശക്തീകരിക്കുകയും ചെയ്യുന്നു.

18 തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു;

അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.

19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു;

അവളുടെ വിരൽ തക്ലിയും ചർക്കയും ഉപയോഗിച്ചു നൂൽ നൂല്‌ക്കുന്നു.

20 അവൾ തന്‍റെ കൈ എളിയവർക്കുവേണ്ടി തുറക്കുന്നു;

ദരിദ്രന്മാരുടെ അടുക്കലേക്ക് കൈ നീട്ടുന്നു.

21 തന്‍റെ വീട്ടുകാരെക്കുറിച്ച് അവൾ ഹിമകാലത്ത് ഭയപ്പെടുന്നില്ല;

അവളുടെ വീട്ടിലുള്ള എല്ലാവർക്കും ചുവപ്പു കമ്പിളി ഉണ്ടല്ലോ.

22 അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;

ചണപട്ടും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.

23 ദേശത്തിലെ മൂപ്പന്മാരോടുകൂടി ഇരിക്കുമ്പോൾ

അവളുടെ ഭർത്താവ് പട്ടണവാതില്‍ക്കൽ പ്രസിദ്ധനാകുന്നു.

24 അവൾ ചണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;

അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.

25 ബലവും മഹിമയും അവളുടെ ഉടുപ്പ്;

ഭാവികാലം ഓർത്തു അവൾ പുഞ്ചിരി തൂകുന്നു.

26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;

ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.

27 വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു;

വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.

28 അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ‘ഭാഗ്യവതി’ എന്നു പുകഴ്ത്തുന്നു;

അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:

29 "അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്;

നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു."

30 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവും ആകുന്നു;

യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

31 അവളുടെ കൈകളുടെ ഫലം അവൾക്ക് കൊടുക്കുവിൻ;

അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതില്‍ക്കൽ അവളെ പ്രശംസിക്കട്ടെ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-