Publicidade

Provérbios 10

ശലോമോന്‍റെ സദൃശവാക്യങ്ങൾ

1 ശലോമോന്‍റെ സദൃശവാക്യങ്ങൾ:

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു.

2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല;

നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.

3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല;

ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു.

4 മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു;

ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.

5 വേനല്‍ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ;

കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ.

6 നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു;

എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു.

7 നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്;

ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും.

8 ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു;

വിവേകശൂന്യനായ ഭോഷനോ വീണുപോകും.

9 നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

നടപ്പിൽ വക്രതയുള്ളവന്‍റെ വഴികൾ വെളിപ്പെട്ടുവരും.

10 കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ അശാന്തി വരുത്തുന്നു;

തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

11 നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു.

എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു.

12 പക വഴക്കുകൾക്ക് കാരണം ആകുന്നു;

സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.

13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്;

ബുദ്ധിഹീനന്‍റെ മുതുകിലോ വടി വീഴും.

14 ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു;

ഭോഷന്‍റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു.

15 ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം;

എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.

16 നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും

ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.

17 പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു;

ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു;

18 പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ;

ഏഷണി പറയുന്നവൻ ഭോഷൻ.

19 വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല;

അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.

20 നീതിമാന്‍റെ നാവ് മേല്ത്തരമായ വെള്ളി;

ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

21 നീതിമാന്‍റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും;

ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.

22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു;

അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.

23 ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു;

വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു.

24 ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും;

നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

25 ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി;

നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.

26 ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ,

അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്.

27 യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു;

ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും.

28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു;

ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും.

29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം;

ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം.

30 നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;

ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല.

31 നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു;

വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

32 നീതിമാന്‍റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു;

ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-