Publicidade

Provérbios 4

ജ്ഞാനത്തിന്‍റെ നേട്ടങ്ങൾ

1 മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു

വിവേകം പ്രാപിക്കേണ്ടതിന് ശ്രദ്ധിക്കുവിൻ.

2 ഞാൻ നിങ്ങൾക്ക് സൽബുദ്ധി ഉപദേശിച്ചുതരുന്നു;

എന്‍റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

3 ഞാൻ എന്‍റെ അപ്പന് മകനും

എന്‍റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു;

4 അവൻ എന്നെ പഠിപ്പിച്ച്, എന്നോട് പറഞ്ഞത്:

"എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക;

എന്‍റെ കല്പനകളെ പ്രമാണിച്ച് ജീവിക്കുക.

5 ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;

എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.

6 അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;

അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;

7 ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;

നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.

8 അതിനെ ഉയർത്തുക; അത് നിന്നെ ഉയർത്തും;

അതിനെ ആലിംഗനം ചെയ്താൽ അത് നിനക്കു മാനം വരുത്തും.

9 അത് നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും;

അത് നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10 മകനേ, കേട്ടു എന്‍റെ വചനങ്ങളെ കൈക്കൊള്ളുക;

എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

11 ജ്ഞാനത്തിന്‍റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;

നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

12 നടക്കുമ്പോൾ നിന്‍റെ കാലടികൾ തടസ്സം നേരിടുകയില്ല;

ഓടുമ്പോൾ നീ ഇടറുകയുമില്ല.

13 പ്രബോധനം മുറുകെ പിടിക്കുക; വിട്ടുകളയരുത്;

അതിനെ കാത്തുകൊള്ളുക, അത് നിന്‍റെ ജീവനല്ലയോ.

14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;

ദുർജ്ജനത്തിന്‍റെ വഴിയിൽ നടക്കുകയും അരുത്;

15 അതിനോട് അകന്നുനില്ക്കുക; അതിൽ നടക്കരുത്;

അത് വിട്ടുമാറി കടന്നുപോകുക.

16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;

ആരെയെങ്കിലും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരുകയില്ല.

17 ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;

ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു.

18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ;

അത് നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.

19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു;

ഏതിൽ തട്ടിവീഴും എന്നു അവർ അറിയുന്നില്ല.

20 മകനേ, എന്‍റെ വചനങ്ങൾക്ക് ശ്രദ്ധതരിക;

എന്‍റെ മൊഴികൾക്ക് നിന്‍റെ ചെവിചായിക്കുക.

21 അവ നിന്‍റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്;

നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

22 അവയെ കിട്ടുന്നവർക്ക് അവ ജീവനും

അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.

23 സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക;

ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.

24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;

അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

25 നിന്‍റെ കണ്ണ് നേരെ നോക്കട്ടെ;

നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

26 നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക;

നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;

നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-