Publicidade

Provérbios 29

1 തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ

നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.

2 നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു;

ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.

3 ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു;

വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്ത് നശിപ്പിക്കുന്നു.

4 രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു;

നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.

5 കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ

അവന്‍റെ കാലിന് ഒരു വല വിരിക്കുന്നു.

6 ദുഷ്ക്കർമ്മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു;

നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.

7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു;

ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.

8 പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു;

ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.

9 ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട്

ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.

10 രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു;

നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു.

11 മൂഢൻ തന്‍റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു;

ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.

12 അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ

അവന്‍റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.

13 ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു;

ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.

14 അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന

രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.

15 വടിയും ശാസനയും ജ്ഞാനം നല്കുന്നു;

തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.

16 ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു;

നീതിമാന്മാർ അവരുടെ വീഴ്ച കാണും.

17 നിന്‍റെ മകനെ ശിക്ഷിക്കുക; അവൻ നിനക്കു ആശ്വാസമായിത്തീരും;

അവൻ നിന്‍റെ മനസ്സിന് പ്രമോദം വരുത്തും.

18 വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു;

ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.

19 ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ;

അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.

20 വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ?

അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.

21 ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട്

അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.

22 കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു;

ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.

23 മനുഷ്യന്‍റെ ഗർവ്വം അവനെ താഴ്ത്തിക്കളയും;

മനോവിനയമുള്ളവൻ മാനം പ്രാപിക്കും.

24 കള്ളന്‍റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു;

അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.

25 മാനുഷഭയം ഒരു കെണി ആകുന്നു;

യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.

26 അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു;

മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.

27 നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്;

സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-