Publicidade

Provérbios 16

1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ;

നാവിന്‍റെ ഉത്തരം യഹോവയിൽനിന്ന് വരുന്നു.

2 മനുഷ്യന് തന്‍റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു;

യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

3 നിന്‍റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക;

എന്നാൽ നിന്‍റെ ഉദ്ദേശ്യങ്ങൾ സാധിക്കും.

4 യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു;

അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു.

5 നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്;

അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല.

6 ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു;

യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു.

7 ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ

അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.

8 ന്യായരഹിതമായ വലിയ വരവിനെക്കാൾ

നീതിയോടെയുള്ള അല്പം നല്ലത്.

9 മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു;

അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

10 രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്;

ന്യായവിധിയിൽ അവന്‍റെ വായ് തെറ്റിപ്പോകുന്നതുമില്ല.

11 ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ;

സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു.

12 ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്;

നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്.

13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം;

സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു.

14 രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം;

ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

15 രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്;

അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.

16 തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്!

വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!

17 ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി;

തന്‍റെ വഴി സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കാത്തുകൊള്ളുന്നു.

18 നാശത്തിന് മുമ്പ് ഗർവ്വം;

വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം.

19 ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ

താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്.

20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;

യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;

അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

22 വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു;

ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.

23 ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു;

അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു.

24 ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു;

മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ;

25 ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു;

അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ.

26 പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;

അവന്‍റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു.

27 നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു;

അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.

28 വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു;

ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

29 സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും

കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

30 കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു;

വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു.

31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു;

നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

32 ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും

മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

33 ചീട്ട് മടിയിൽ ഇടുന്നു;

അതിന്‍റെ തീരുമാനമോ യഹോവയിൽനിന്ന് വരുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-