Publicidade

Provérbios 28

1 ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു;

നീതിമാന്മാർ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.

2 ദേശത്തിലെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു;

ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്‍റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.

3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ

വിളവ് ശേഷിപ്പിക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.

4 ന്യായപ്രമാണം ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;

ന്യായപ്രമാണം പാലിക്കുന്നവർ അവരോട് എതിർത്തുനില്ക്കുന്നു.

5 ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല;

യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.

6 തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ

പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.

7 ന്യായപ്രമാണം പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ;

ഭോജനപ്രിയന്മാർക്കു സഖിയായവൻ പിതാവിനെ അപമാനിക്കുന്നു.

8 പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ

അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു.

9 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്‍റെ

പ്രാർത്ഥന പോലും വെറുപ്പാകുന്നു.

10 നേരുള്ളവരെ ദുർമ്മാർഗ്ഗത്തിലേക്ക് തെറ്റിക്കുന്നവൻ

താൻ കുഴിച്ച കുഴിയിൽതന്നെ വീഴും;

നിഷ്കളങ്കരായവർ നന്മ അവകാശമാക്കും.

11 ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു;

ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു.

12 നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം;

ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു.

13 തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല;

അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.

14 എപ്പോഴും ദോഷം ചെയ്യുവാന്‍ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ;

ഹൃദയത്തെ കഠിനമാക്കുന്നവൻ അനർത്ഥത്തിൽ അകപ്പെടും.

15 അഗതികളുടെമേൽ അധികാരം നടത്തുന്ന ദുഷ്ടൻ

ഗർജ്ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.

16 ബുദ്ധിഹീനനായ പ്രഭു മഹാപീഡകൻ ആകുന്നു;

ദ്രവ്യാഗ്രഹം വെറുക്കുന്നവൻ ദീർഘായുസ്സോടെ ഇരിക്കും.

17 രക്തച്ചൊരിച്ചിലിന്‍റെ കുറ്റം ചുമക്കുന്നവൻ കുഴിയിലേക്ക് ബദ്ധപ്പെടും;

അവനെ ആരും തുണയ്ക്കരുത്.

18 നിഷ്കളങ്കനായി നടക്കുന്നവൻ സുരക്ഷിതനായിരിക്കും;

നടപ്പിൽ വക്രതയുള്ളവൻ പെട്ടെന്ന് വീഴും.

19 നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;

നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.

20 വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ;

ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവന് ശിക്ഷ വരാതിരിക്കുകയില്ല.

21 പക്ഷപാതം കാണിക്കുന്നത് നല്ലതല്ല;

ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.

22 ദുഷ്ടകണ്ണുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു;

ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.

23 ചക്കരവാക്ക് പറയുന്നവനെക്കാൾ

ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും.

24 അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട്

‘അത് അക്രമമല്ല’ എന്നു പറയുന്നവൻ നാശകന്‍റെ സഖി.

25 അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു;

യഹോവയിൽ ആശ്രയിക്കുന്നവൻ പുഷ്ടി പ്രാപിക്കും.

26 സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ;

ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും.

27 ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല;

ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും.

28 ദുഷ്ടന്മാരുടെ ഉയർച്ചയിൽ ആളുകൾ സ്വയം ഒളിക്കുന്നു;

അവർ നശിക്കുമ്പോൾ നീതിമാന്മാർ വർദ്ധിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-