Publicidade

Provérbios 13

1 ജ്ഞാനമുള്ള മകൻ അപ്പന്‍റെ പ്രബോധനം കൈക്കൊള്ളുന്നു;

പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.

2 തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും;

ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.

3 അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;

അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും.

4 മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല;

ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും.

5 നീതിമാൻ വ്യാജം വെറുക്കുന്നു;

ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു.

6 നീതി സന്മാർഗ്ഗിയെ കാക്കുന്നു;

ദുഷ്ടത പാപിയെ മറിച്ചുകളയുന്നു.

7 ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ട്;

വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ട്;

8 മനുഷ്യന്‍റെ ജീവന് മറുവില അവന്‍റെ സമ്പത്ത് തന്നെ;

ദരിദ്രന് ഒരു ഭീഷണിയും കേൾക്കേണ്ടിവരുന്നില്ല.

9 നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു;

ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.

10 അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു;

ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;

11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും;

അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.

12 ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു;

ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.

13 വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി;

കല്പനയെ ഭയപ്പെടുന്നവൻ പ്രതിഫലം പ്രാപിക്കുന്നു.

14 ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു;

അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.

15 സൽബുദ്ധിയാൽ പ്രീതിയുണ്ടാകുന്നു;

ദ്രോഹിയുടെ വഴിയോ ദുർഘടം.

16 സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു;

ഭോഷനോ തന്‍റെ ഭോഷത്തം തെളിവായി കാണിക്കുന്നു.

17 ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു;

വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.

18 പ്രബോധനം ത്യജിക്കുന്നവന് ദാരിദ്ര്യവും ലജ്ജയും വരും;

ശാസന കൂട്ടാക്കുന്നവന് ബഹുമാനം ലഭിക്കും.

19 ആഗ്രഹനിവൃത്തി മനസ്സിന് മധുരമാകുന്നു;

ദോഷം വിട്ടകലുന്നത് ഭോഷന്മാർക്ക് വെറുപ്പ്.

20 ജ്ഞാനികളോടുകൂടി നടക്കുക; നീയും ജ്ഞാനിയാകും;

ഭോഷന്മാർക്ക് കൂട്ടാളിയായവൻ വ്യസനിക്കേണ്ടിവരും.

21 ദോഷം പാപികളെ പിന്തുടരുന്നു;

നീതിമാന്മാർക്ക് നന്മ പ്രതിഫലമായി വരും.

22 ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു;

പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു;

എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.

24 വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു;

അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.

25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു;

ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-